Month: ഫെബ്രുവരി 2021

വിളക്ക് തെളിക്കുക

ഞാനും ഭര്‍ത്താവും രാജ്യത്തിന്റെ മറുവശത്തേക്കുള്ള ഒരു നീക്കത്തിന് തയ്യാറെടുക്കുമ്പോള്‍, ഞങ്ങളുടെ മുതിര്‍ന്ന ആണ്‍മക്കളുമായി ഞങ്ങള്‍ക്കു നിരന്തരം ബന്ധം പുലര്‍ത്താന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ഒരു അതുല്യമായ സമ്മാനം, ദൂരത്തിരുന്നുകൊണ്ട് ഓണാക്കാന്‍ കഴിയുന്ന വയര്‍ലെസ് ഇന്റര്‍നെറ്റ് കണക്റ്റുചെയ്തിരിക്കുന്ന സൗഹൃദ വിളക്കുകള്‍ ഞാന്‍ കണ്ടെത്തി. ഞാന്‍ എന്റെ മക്കള്‍ക്ക് വിളക്കുകള്‍ നല്‍കിയപ്പോള്‍, ഞാന്‍ എന്റെ വിളക്ക് തൊടുമ്പോള്‍ അവരുടെ വിളക്കുകള്‍ ഓണാകുമെന്ന് ഞാന്‍ വിശദീകരിച്ചു - എന്റെ സ്‌നേഹത്തിന്റെയും തുടര്‍ന്നുള്ള പ്രാര്‍ത്ഥനകളുടെയും തിളക്കമാര്‍ന്ന ഓര്‍മ്മപ്പെടുത്തല്‍ നല്‍കാന്‍ വേണ്ടിയായിരുന്നു അത്. ഞങ്ങള്‍ക്കിടയില്‍ എത്ര വലിയ ദൂരം ഉണ്ടെങ്കിലും, അവരുടെ വിളക്കുകളില്‍ തൊടുമ്പോള്‍ ഞങ്ങളുടെ വീട്ടിലും ഒരു പ്രകാശം കത്തും. ഞങ്ങളുടെ വ്യക്തിപരമായ ബന്ധത്തിന്റെ നിമിഷങ്ങള്‍ക്കു പകരം വയ്ക്കാന്‍ മറ്റൊന്നിനും കഴിയില്ലെന്നു ഞങ്ങള്‍ക്കറിയാമെങ്കിലും, ആ ലൈറ്റുകള്‍ ഓണാക്കുമ്പോഴെല്ലാം ഞങ്ങള്‍ സ്‌നേഹിക്കപ്പെടുന്നുവെന്നും ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും അറിയുന്നതിലൂടെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു.

എല്ലാ ദൈവമക്കള്‍ക്കും പരിശുദ്ധാത്മാവിനാല്‍ ജ്വലിപ്പിക്കപ്പെടുന്ന പ്രകാശം പങ്കിടുന്നവരാകാനുള്ള പദവി ഉണ്ട്. ദൈവത്തിന്റെ നിത്യ പ്രത്യാശയുടെയും നിരുപാധികമായ സ്‌നേഹത്തിന്റെയും തിളക്കമാര്‍ന്ന പ്രകാശ കിരണങ്ങളായി ജീവിക്കാനാണ് നമ്മെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നാം സുവിശേഷം പങ്കുവെക്കുകയും യേശുവിന്റെ നാമത്തില്‍ മറ്റുള്ളവരെ സേവിക്കുകയും ചെയ്യുമ്പോള്‍, ഞങ്ങള്‍ മികച്ച സ്‌പോട്ട്‌ലൈറ്റുകളും ജീവനുള്ള സാക്ഷ്യങ്ങളും ആയിത്തീരുന്നു. എല്ലാ സല്‍പ്രവൃത്തികളും, ദയാപൂര്‍വ്വമായ പുഞ്ചിരിയും, സൗമ്യമായ പ്രോത്സാഹന വാക്കും, ഹൃദയംഗമമായ പ്രാര്‍ത്ഥനയും ദൈവത്തിന്റെ വിശ്വസ്തതയെയും അവന്റെ നിരുപാധികവും ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നതുമായ സ്‌നേഹത്തെയും ഓര്‍മ്മപ്പെടുത്തുന്നു (മത്തായി 5:14-16).

ദൈവം നമ്മെ എവിടേക്കു നയിച്ചാലും, നാം അവനെ എങ്ങനെ സേവിച്ചാലും, അവന്റെ വെളിച്ചം പ്രകാശിപ്പിക്കുന്നതിനു മറ്റുള്ളവരെ സഹായിക്കാനായി നമ്മെ ഉപയോഗിക്കാന്‍ അവനു കഴിയും. ദൈവം തന്റെ ആത്മാവിനാല്‍ യഥാര്‍ത്ഥ പ്രകാശം പ്രദാനം ചെയ്യുന്നതുപോലെ, നമുക്ക് അവന്റെ സാന്നിധ്യത്തിന്റെ പ്രകാശവും സ്‌നേഹവും പ്രതിഫലിപ്പിക്കാന്‍ കഴിയും.

യേശുവിനെപ്പോലെ

ദൈവശാസ്ത്രജ്ഞനായ ബ്രൂസ് വെയര്‍ ബാലനായിരുന്നപ്പോള്‍, 1 പത്രൊസ് 2:21-23 നമ്മെ യേശുവിനെപ്പോലെയാകാന്‍ വിളിക്കുന്നതില്‍ നിരാശനായി. തന്റെ ചെറുപ്പകാലത്തെ പ്രകോപനത്തെക്കുറിച്ച് വെയര്‍ തന്റെ ദി മാന്‍ ക്രൈസ്റ്റ് ജീസസ് എന്ന പുസ്തകത്തില്‍ എഴുതി, 'ഇതു ശരിയല്ല, ഞാന്‍ തീരുമാനിച്ചു. 'പാപം ചെയ്യാത്തവന്റെ' ചുവടുകള്‍ പിന്തുടരാന്‍ ഈ ഭാഗം പറയുമ്പോള്‍ പ്രത്യേകിച്ചും. ഇത് തികച്ചും വിചിത്രമാണ്. . . . നാം അതിനെ ഗൗരവമായി എടുക്കണമെന്നു പറയുമ്പോള്‍ ദൈവത്തിന് എങ്ങനെ അത് അര്‍ത്ഥമാക്കാന്‍ കഴിയുമെന്ന് എനിക്ക് കാണാന്‍ കഴിഞ്ഞില്ല.'

എന്തുകൊണ്ടാണ് വെയര്‍ ഇത്തരത്തിലുള്ള ഒരു ബൈബിള്‍ ആഹ്വാനത്തെ ഇത്ര ഭയപ്പെടുന്നതെന്ന് എനിക്കു മനസ്സിലാകും! ഒരു പഴയ ഗാനം പറയുന്നു, 'യേശുവിനെപ്പോലെയാകാന്‍, യേശുവിനെപ്പോലെയാകാന്‍. അവനെപ്പോലെ ആകാന്‍ എന്നാഗ്രഹം.'' എന്നാല്‍ വെയര്‍ ശരിയായി സൂചിപ്പിച്ചതുപോലെ, നമുക്ക് അത് ചെയ്യാന്‍ കഴിവില്ല. നമുക്ക് സ്വയമായി ഒരിക്കലും യേശുവിനെപ്പോലെയാകാന്‍ കഴിയില്ല.

എന്നാല്‍, നമ്മെ അങ്ങനെ കൈവിടുന്നില്ല. ക്രിസ്തു നമ്മില്‍ ഉരുവാകുന്നതിന്റെ ഭാഗമായി പരിശുദ്ധാത്മാവിനെ നമുക്കു നല്‍കിയിരിക്കുന്നു (ഗലാത്യര്‍ 4:19). അതിനാല്‍, ആത്മാവിനെക്കുറിച്ചുള്ള പൗലൊസിന്റെ മഹത്തായ അധ്യായത്തില്‍ ഇപ്രകാരം നാം വായിക്കുന്നതില്‍ അതിശയിക്കേണ്ടതില്ല, 'അവന്‍ മുന്നറിഞ്ഞവരെ തന്റെ പുത്രന്‍ അനേകം സഹോദരന്മാരില്‍ ആദ്യജാതന്‍ ആകേണ്ടതിന് അവന്റെ സ്വരൂപത്തോട് അനുരൂപരാകുവാന്‍ മുന്‍നിയമിച്ചുമിരിക്കുന്നു'' (റോമര്‍ 8:29). ദൈവം തന്റെ പ്രവൃത്തി നമ്മില്‍ പൂര്‍ത്തീകരിക്ക തന്നെ ചെയ്യും. നമ്മില്‍ വസിക്കുന്ന യേശുവിന്റെ ആത്മാവിലൂടെ അവന്‍ അത് ചെയ്യുന്നു.

നമ്മിലുള്ള ആത്മാവിന്റെ പ്രവര്‍ത്തനത്തിന് നാം വഴങ്ങുമ്പോള്‍, നാം യഥാര്‍ത്ഥത്തില്‍ യേശുവിനെപ്പോലെയാകും. അത് നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ വലിയ ആഗ്രഹമാണെന്ന് അറിയുന്നത് എത്ര ആശ്വാസകരമാണ്!

സങ്കല്‍പ്പിക്കാനാവാത്ത വാഗ്ദത്തങ്ങള്‍

ഏറ്റവും വലിയ പരാജയത്തിന്റെ നിമിഷങ്ങളില്‍, വളരെ വൈകിപ്പോയി എന്നും ഉദ്ദേശ്യവും മൂല്യവുമുള്ള ഒരു ജീവിതത്തിനായുള്ള അവസരം നമുക്കു നഷ്ടപ്പെട്ടു എന്നും വിശ്വസിക്കാന്‍ എളുപ്പമാണ്. പരമാവധി സുരക്ഷയുള്ള ഒരു ജയിലിലെ മുന്‍ തടവുകാരനായ ഏലിയാസ് അങ്ങനെയാണ് ഒരു തടവുകാരനെന്ന തോന്നലിനെ വിശേഷിപ്പിച്ചത്. 'എന്റെ വാഗ്ദത്തങ്ങള്‍ ... തകര്‍ന്നടിഞ്ഞു. . . എന്റെ സ്വന്തം ഭാവിയുടെ വാഗ്ദത്തങ്ങള്‍, ഞാന്‍ ആരായിത്തീരുമെന്നുള്ള വാഗ്ദത്തങ്ങള്‍.'

അതൊരു കോളേജിന്റെ 'ജയില്‍ ഇനിഷ്യേറ്റീവ്'' കോളജ് ഡിഗ്രി പ്രോഗ്രാമായിരുന്നു. അതാണ് ഏലിയാസിന്റെ ജീവിതത്തെ രൂപാന്തരപ്പെടുത്താന്‍ തുടങ്ങിയത്. ആ പ്രോഗ്രാമില്‍ അദ്ദേഹം ഒരു സംവാദ ടീമില്‍ പങ്കാളിയായി. അവര്‍ 2015 ല്‍ ഹാര്‍വാഡില്‍ നിന്നുള്ള ഒരു ടീമുമായി സംവാദത്തില്‍ ഏര്‍പ്പെടുകയും വിജയിക്കുകയും ചെയ്തു. ഏലിയാസിനെ സംബന്ധിച്ചിടത്തോളം, 'ടീമിന്റെ ഭാഗമായത്്. . . ഈ വാഗ്ദത്തങ്ങള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടില്ലെന്ന് തെളിയിക്കാനുള്ള ഒരു മാര്‍ഗമായിരുന്നു.'

യേശുവിലുള്ള ദൈവസ്‌നേഹത്തിന്റെ സുവാര്‍ത്ത നമുക്കും ഉള്ള സുവാര്‍ത്തയാണെന്ന് മനസ്സിലാക്കാന്‍ തുടങ്ങുമ്പോള്‍ സമാനമായ ഒരു പരിവര്‍ത്തനം നമ്മുടെ ഹൃദയത്തിലും സംഭവിക്കുന്നു. അത് വളരെ വൈകിയിട്ടില്ല, എന്നു നാം അത്ഭുതത്തോടെ മനസ്സിലാക്കാന്‍ തുടങ്ങുന്നു. ദൈവത്തിന്റെ കൈയില്‍ ഇപ്പോഴും എനിക്കായി ഒരു ഭാവിയുണ്ട്.

അത് സമ്പാദിക്കാനോ നഷ്ടപ്പെടുത്താനോ കഴിയാത്ത ഒരു ഭാവിയാണ്, അത് ദൈവത്തിന്റെ അതിരറ്റ കൃപയെയും ശക്തിയെയും മാത്രം ആശ്രയിച്ചിരിക്കുന്നു (2 പത്രൊസ് 1:23). ലോകത്തിലും നമ്മുടെ ഹൃദയങ്ങളിലും ഉള്ള നിരാശയില്‍ നിന്നും നാം വിടുവിക്കപ്പെടുന്നതും പകരം അവന്റെ 'മഹത്വത്താലും നന്മയാലും'' നിറയപ്പെടുന്നതുമായ ഒരു ഭാവിയാണത് (വാ. 3). ക്രിസ്തുവിന്റെ സങ്കല്‍പ്പിക്കാനാവാത്ത വാഗ്ദത്തങ്ങളാല്‍ സുരക്ഷിതമാക്കപ്പെട്ട ഭാവി (വാ. 4); 'ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യ'' ത്തിലേക്കു രൂപാന്തരപ്പെടുന്ന ഒരു ഭാവി (റോമര്‍ 8:21).

കൃപയാല്‍ ശക്തിപ്പെടുക

അമേരിക്കന്‍ ആഭ്യന്തരയുദ്ധകാലത്ത്, സൈന്യത്തില്‍ നിന്നും ഒളിച്ചോടുന്നതിനുള്ള ശിക്ഷ മരണമായിരുന്നു. എന്നാല്‍ യൂണിയന്‍ സൈന്യം ഒളിച്ചോടിയവരെ അപൂര്‍വ്വമായി മാത്രമേ വധിച്ചിരുന്നുള്ളു, കാരണം അവരുടെ സൈന്യാധിപനായ ഏബ്രഹാം ലിങ്കണ്‍ ഏതാണ്ട് എല്ലാവര്‍ക്കും മാപ്പുനല്‍കി. ഇത് യുദ്ധ സെക്രട്ടറിയായ എഡ്വിന്‍ സ്റ്റാന്റ്റണെ പ്രകോപിപ്പിച്ചു, ലിങ്കന്റെ വിട്ടുവീഴ്ച ഉപേക്ഷിച്ചു പോകാന്‍ താല്പര്യമുള്ളവരെ പ്രോത്സാഹിപ്പിച്ചേക്കുമെന്ന് അദ്ദേഹം കരുതി. എന്നാല്‍ ധൈര്യം കെട്ടവരും യുദ്ധത്തിന്റെ ചൂടില്‍ അവരുടെ ഭയത്തിന് അടിമപ്പെട്ടുപോയവരുമായ സൈനികരോട് ലിങ്കണ്‍ സഹാനുഭൂതി പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ സഹാനുഭൂതി അദ്ദേഹത്തെ പടയാളികള്‍ക്ക് പ്രിയങ്കരനാക്കി. അവര്‍ തങ്ങളുടെ 'പിതാവായ അബ്രഹാമിനെ'' സ്‌നേഹിച്ചു, അവരുടെ വാത്സല്യം ലിങ്കനെ കൂടുതല്‍ ശക്തമായി സേവിക്കാന്‍ സൈനികരെ പ്രേരിപ്പിച്ചു.

'ക്രിസ്തുയേശുവിന്റെ നല്ല ഭടനായി' കഷ്ടം സഹിക്കാന്‍ പൗലൊസ് തിമൊഥെയൊസിനെ വിളിക്കുമ്പോള്‍ (2 തിമൊഥെയൊസ് 2:3), കഠിനമായ തൊഴിലിലേക്കാണ് അവനെ വിളിക്കുന്നത്. ഒരു സൈനികന്‍ പൂര്‍ണ്ണമായും സമര്‍പ്പിതനും കഠിനാധ്വാനിയും നിസ്വാര്‍ത്ഥനുമായിരിക്കണം. അവന്‍ തന്റെ കമാന്‍ഡിംഗ് ഓഫീസറായ യേശുവിനെ പൂര്‍ണ്ണഹൃദയത്തോടെ സേവിക്കണം. എന്നാല്‍ യഥാര്‍ത്ഥത്തില്‍, അവന്റെ നല്ല സൈനികരാകുന്നതില്‍ നാം ചിലപ്പോള്‍ പരാജയപ്പെടുന്നു. നാം എല്ലായ്‌പ്പോഴും അവനെ വിശ്വസ്തതയോടെ സേവിക്കുന്നില്ല. അതിനാല്‍ പൗലൊസിന്റെ പ്രാരംഭ വാക്യം പ്രധാനമാണ്: 'ക്രിസ്തുയേശുവിലുള്ള കൃപയാല്‍ ശക്തിപ്പെടുക'' (വാ. 1). നമ്മുടെ രക്ഷകന്‍ കൃപ നിറഞ്ഞവനാണ്. അവന്‍ നമ്മുടെ ബലഹീനതകളോട് സഹതപിക്കുകയും നമ്മുടെ പരാജയങ്ങള്‍ ക്ഷമിക്കുകയും ചെയ്യുന്നു (എബ്രായര്‍ 4:15). യൂണിയന്‍ പട്ടാളക്കാര്‍ ലിങ്കന്റെ അനുകമ്പയാല്‍ പ്രോത്സാഹിപ്പിക്കപ്പെട്ടതുപോലെ, യേശുവിന്റെ കൃപയാല്‍ വിശ്വാസികളും ശക്തിപ്പെടുന്നു. അവിടുന്ന് നമ്മെ സ്‌നേഹിക്കുന്നുവെന്ന് നമുക്കറിയാമെന്നതിനാല്‍ നാം അവനെ കൂടുതല്‍ കൂടുതല്‍ സേവിക്കാന്‍ ആഗ്രഹിക്കുന്നു.

നാം ദൈവമല്ല

മിയര്‍ ക്രിസ്റ്റിയാനിറ്റി എന്ന ഗ്രന്ഥത്തില്‍, നാം നിഗളമുള്ളവരോ എന്നു കണ്ടെത്തുന്നതിന് നമ്മോടു തന്നേ ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ സി.എസ് ലൂയിസ് നിര്‍ദ്ദേശിക്കുന്നു: 'മറ്റ് ആളുകള്‍ എന്നെ അവഹേളിക്കുമ്പോള്‍ അല്ലെങ്കില്‍ എന്നെ ശ്രദ്ധിക്കാന്‍ വിസമ്മതിക്കുമ്പോള്‍ അല്ലെങ്കില്‍ എന്റെ സംരക്ഷകരായിരിക്കാന്‍ ശ്രമിക്കുമ്പോള്‍ എനിക്ക് എത്രമാത്രം നീരസമുണ്ടാകും?' നിഗളത്തെ 'അങ്ങേയറ്റത്തെ തിന്മ'' ആയും വീടുകളിലെയും രാജ്യങ്ങളിലെയും ദുരിതത്തിന്റെ പ്രധാന കാരണമായും ലൂയിസ് കണ്ടു. സ്‌നേഹം, സംതൃപ്തി, സാമാന്യബുദ്ധി എന്നിവയ്ക്കുള്ള സാധ്യതകളെ തിന്നുകളയുന്ന ഒരു 'ആത്മീയ ക്യാന്‍സര്‍'' എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്.

നിഗളം കാലങ്ങളായി ഒരു പ്രശ്‌നമാണ്. ദൈവത്തിന്റെ കരുത്തുറ്റ തീരദേശ നഗരമായ സോരിന്റെ നേതാവിന്റെ നിഗളത്തിനെതിരെ ദൈവം യെഹെസ്‌കേല്‍ പ്രവാചകനിലൂടെ മുന്നറിയിപ്പു നല്‍കി. രാജാവിന്റെ നിഗളം അവന്റെ പതനത്തിന് കാരണമാകുമെന്ന് അവന്‍ പറഞ്ഞു: 'നീ ദൈവഭാവം നടിക്കുകയാല്‍ ഞാന്‍ ജാതികളില്‍ ഉഗ്രന്മാരായ അന്യജാതിക്കാരെ നിന്റെ നേരെ വരുത്തും' (യെഹെസ്‌കേല്‍ 28:6-7). താന്‍ ഒരു ദൈവമല്ല, മറിച്ച് ഒരു മനുഷ്യനാണെന്ന് അപ്പോള്‍ അവന്‍ അറിയും (വാ. 9).

നിഗളത്തിന് വിപരീതം താഴ്മയാണ്, ദൈവത്തെ അറിയുന്നതിലൂടെ നമുക്ക് ലഭിക്കുന്ന ഒരു സ്വഭാവഗുണമായി ലൂയിസ് അതിനെ വിശേഷിപ്പിച്ചു. നാം അവനുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനനുസരിച്ച് നാം 'സന്തോഷപൂര്‍വ്വം താഴ്മയുള്ളവരായി'' മാറുന്നുവെന്ന് ലൂയിസ് പറഞ്ഞു. മുമ്പ് നമ്മെ അസ്വസ്ഥരും അസന്തുഷ്ടരുമാക്കിയിരുന്ന നമ്മുടെ അന്തസ്സിനെക്കുറിച്ചുള്ള നിസാരമായ വിഡ്ഢിത്തങ്ങളില്‍ നിന്ന് മുക്തി നേടുന്നത് നമ്മെ ആശ്വാസമുള്ളവരാക്കി മാറ്റും.
നാം എത്രത്തോളം ദൈവത്തെ ആരാധിക്കുന്നുവോ അത്രയധികം നാം അവനെ അറിയുകയും അവന്റെ മുമ്പാകെ താഴ്മയുള്ളവരാകുകയും ചെയ്യും. സന്തോഷത്തോടും താഴ്മയോടും കൂടെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നവരായി നമുക്കു തീരാം.